(കരുനാഗപ്പള്ളി) കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ സി.പി.എം കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ്.എൽ സജികുമാർ, എസ്.ആർ അരുൺ ബാബു, പി.വി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, ബി ഇക്ബാൽ എന്നിവർ കമ്മിറ്റിയിലെ അംഗങ്ങൾ.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും കയ്യാങ്കളി വരെയെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവച്ചായിരുന്നു കയ്യാങ്കളി.
സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ വസന്തനെ അനുകൂലിക്കുന്നവരുമാണ് ഇരു ചേരികളിലുമുള്ളത്. ലോക്കൽ സമ്മേളനങ്ങളിലെ പ്രശ്‌നം, ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കാതിരുന്നത് അടക്കം ഇവിടെ പുകഞ്ഞിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്. കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണതയെന്ന് എം.വി ഗോവിന്ദൻ യോഗത്തിൽ തുറന്നടിച്ചു.
ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്‌നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കി. അംഗീകരിക്കാനാവാത്ത പ്രശ്‌നങ്ങളാണ് ഇതൊക്കെ. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് ഓർമിപ്പിച്ച അദ്ദേഹം, കരുനാഗപ്പള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്‌നമല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
കരുനാഗപ്പള്ളിയിലുയർന്ന സംഘടനാപരമായ പ്രശ്‌നങ്ങളുൾ ഉൾപ്പടെയുള്ളവയിൽ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും ചർച്ച ചെയ്ത് ആവശ്യമായ നിലപാട് തീരുമാനിക്കുമെന്ന് ഇന്നലെ തന്നെ സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.