കൊച്ചി: വീട്ടുവേലക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ രണ്ടാം പ്രതിയാണ് മോൻസൺ. കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
ഒന്നാം പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചുവെന്ന പ്രേരണാ കുറ്റമായിരുന്നു മോൻസണെതിരെ ചുമത്തിയിരുന്നത്. എന്നാൽ, മോൻസണ് എതിരെയുള്ള പ്രേരണാക്കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.
2019-ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. എറണാകുളം നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ വിയൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണിപ്പോൾ മോൻസൺ.