കോഴിക്കോട്- താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ സഹപാഠികളായ വിദ്യാർഥികളെ വെള്ളിമാടുകുന്നിലെ ചൈൽഡ് ലൈനിന് കീഴിലുള്ള നിരീക്ഷണ ഹോമിലേക്ക് മാറ്റും. താമരശേരി സ്വദേശി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുട്ടിക്കുറ്റവാളികളെയാണ് നിരീക്ഷണ ഹോമിലേക്ക് മാറ്റുന്നത്. അഞ്ചു വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കും. എല്ലാവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രിയാണ് മരിച്ചത്. ട്യൂഷൻ സെന്ററിലെ സെന്റോഫ് ചടങ്ങുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.
താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷം. എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷഹബാസ്. തലയ്ക്ക് മാരക ക്ഷതമേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.