തിരുവനന്തപുരം: സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന് ജാമ്യം. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസിലാണ് ടി ജി മോഹന്‍ദാസിന് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്.ഞായറാഴ്ചയാണ് മട്ടാഞ്ചേരിയിലെ വസതിയില്‍ നിന്ന് ടി ജി മോഹന്‍ദാസിനെ പോലിസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ടി ജി മോഹന്‍ദാസിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ വീഡിയോം ടി ജി മോഹന്‍ദാസിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. കലാപ ആഹ്വാനമുള്‍പ്പെടെ 4 കുറ്റങ്ങള്‍ ആണ് ടിജി മോഹന്‍ദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത മോഹന്‍ദാസിനെ തിരുവനന്തപുരം സൈബര്‍ പോലിസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമായിരുന്നു ടി ജി മോഹന്‍ദാസിനെ കോടതിയില്‍ ഹാജരാക്കിയത്.
ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പ്രസ്താവന. ഇതേതുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-ാം തിയ്യതിയായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ പോലിസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പോലിസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തില്‍ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹന്‍ദാസ് പരാമര്‍ശം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു.







