മലപ്പുറം– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് തോറ്റാല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് മുസ്ലിം ലീഗില്‍ ചേരുമെന്ന വാക്ക് പാലിച്ച് സി.പി.ഐ പ്രവര്ത്തകന്. ലീഗ് പ്രവര്‍ത്തകനും സുഹൃത്തുമായ ഷെരീഫ് അബ്ദുല്ലയുമായി പന്തയം വെച്ച ഗഫൂറാണ് മുസ്ലിം ലീഗില്‍ അംഗത്വം സ്വീകരിക്കാന്‍ തയാറായി മുന്നോട്ട് വന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് ജയിക്കുകയാണെങ്കില്‍ താന്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് ഷെരീഫിന്റെ പന്തയം. എന്നാല്‍ തോല്ക്കുകയാണെങ്കില് ഇനിയുള്ള കാലം മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുമെന്ന് ഗഫൂറും.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് പതിനൊന്നായിത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചതിന് പിന്നാലെ ലീഗില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധത അറിയിച്ച് ഇരുവരുടെയും സുഹൃത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഹുസൈന്റെ വീട്ടില്‍ വെച്ച് വാക്ക് പാലിക്കുകയുമായിരുന്നു ഗഫൂര്‍. ജൂണ്‍ 14നാണ് കരാറില്‍ അടക്കം ഒപ്പിട്ട് ഇരുവരും പന്തയത്തില്‍ ഏര്‍പ്പെട്ടത്. ഇന്ന് രാവിലെ ഗഫൂര്‍ സി.പി.ഐ പാര്‍ട്ടി അംഗത്വവും ബ്രാഞ്ച് അസി. സെക്രട്ടറി ഭാരവാഹിത്വം രാജിവെച്ചിരുന്നു. ലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഔദ്യോഗിക മെമ്പര്‍ഷിപ്പ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജി ഗഫൂഫിന് കൈമാറുമെന്ന് സുഹൃത്ത് ഷെരീഫ് അബ്ദുല്ല പറഞ്ഞു. ഇരുവരുടെയും സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങില്‍ വൈറലാണ്.