തിരൂർ– കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകുന്നേരത്തോടെയാണ് അന്ത്യം. ലസ്‌നയ്‌ക്കൊപ്പം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഇവരിൽ, ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും ഡ്രിപ്പ് നൽകി വരികയായിരുന്നു. ചികിത്സയ്ക്കിടെ ലസ്‌ന കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതാണ് അസുഖകാരണമെന്ന് കരുതപ്പെടുന്നു. ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.



