ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി തമിഴ് നടൻ സൂര്യ. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തിയാണ് നടൻ അന്ത്യോപചാരം അർപ്പിച്ചത്. ശ്രീനിവാസന്‍റെ വലിയ ആരാധകനാണെന്നും താൻ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്‍റെ സിനിമകൾ കാണുമായിരുന്നു എന്നും സൂര്യ പറഞ്ഞു. അദ്ദേഹത്തെ ആരാധനയോടെയാണ് കണ്ടിട്ടുള്ളതെന്നും വിയോഗവാർത്ത അറിഞ്ഞപ്പോൾ കാണണമെന്ന് ആഗ്രഹിച്ചതിനാലാണ് വന്നതെന്നും ശ്രീനിവാസന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സൂര്യ പറഞ്ഞു.
ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് പ്രിയനടന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകൾ. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. ഒരു മണിയോടെ എറണാകുളം ടൗൺഹാളിലേക്ക് പൊതുദർശനത്തിന് എത്തിച്ച് നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരും മമ്മൂട്ടി, മോഹൻലാൽ എന്നിവരുമുൾപ്പെടെ നിരവധി പേർ എത്തി.



