തൃശൂർ– കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുരേഷ് ഗോപി പ്രതിക്കാത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സുരേഷ് ഗോപിയെ പരിഹസിച്ച് ഒാർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും രംഗത്തെത്തി.
കുറച്ചുദിവസങ്ങളായി തൃശൂർ ലോക്സഭാ മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ല. എം.പിയുടെ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രി എന്നുവരുമെന്ന കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ലെന്നും ഗോകുൽ പറയുന്നു. പിന്നാലെയാണ് ഇ-മെയിൽ വഴി പൊലീസിൽ പരാതി നൽകിയത്.