തൃശൂർ– തൃശുരിൽ വ്യാജവോട്ട് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിവാദവും വ്യാജവോട്ട് ആരോപണവും സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശൂരിലെത്തുന്നത്. ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ഇന്നു പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപി വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. തൃശൂരിൽ വ്യാജവോട്ട് വിവാദം തിളച്ചുമറിയുകയാണ്. ഗുരുതര ആരോപണങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ഉയർന്നുവരുന്നത്. വ്യാജവോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയ ആളുകൾക്ക് സുരേഷ് ഗോപിയുമായി നേരിട്ട് ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെയാണ് ഇന്ന് സുരേഷ് ഗോപിയുടെ തൃശൂർ സന്ദർശനം. എന്നാൽ ഇതേ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം.