ന്യൂഡൽഹി– മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. 2016-ലെ അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ ആറുവർഷത്തെ വിലക്ക് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അയോഗ്യത കൽപ്പിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും, അത്തരം സാഹചര്യങ്ങളിൽ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി തങ്ങളുടെ അധികാര പരിധി മറികടന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2016-ലെ നിയമസഭയുടെ കാലാവധി 2021-ൽ അവസാനിച്ചതിനാൽ, തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇപ്പോൾ പ്രസക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്ത് വോട്ട് പിടിച്ചെന്നാരോപിച്ച് 2018 നവംബറിലാണ് ഹൈക്കോടതി കെ.എം. ഷാജിയുടെ വിജയം റദ്ദാക്കിയത്. ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഷാജിയെ വിലക്കുകയും ചെയ്തിരുന്നു. ഷാജിയുടെ അയോഗ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന എതിർ സ്ഥാനാർത്ഥി എം.വി. നികേഷ് കുമാറിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കെ.എം. ഷാജിക്ക് മത്സരിക്കാൻ നിയമതടസ്സങ്ങളില്ലാതായി.



