തിരുവനന്തപുരം- അൻവറിന്റെ വെടിയിൽ രണ്ടാമത്തെയാളും വീണു. മലപ്പുറം ജില്ലാ പോലീസ് മുൻ സൂപ്രണ്ട് സുജിത് ദാസിനെ പോലീസ് സേനയിൽനിന്ന് സസ്പെന്റ് ചെയ്തു. നിലവിൽ പത്തനംതിട്ട എസ്.പിയാണ് സുജിത് ദാസ്. കഴിഞ്ഞ ദിവസങ്ങളിൽ സുജിത് ദാസിനെതിരെ ശക്തമായ ആരോപണവുമായി പി.വി അൻവർ എം.എൽ.എ രംഗത്തുവന്നിരുന്നു. സുജിത് ദാസിന്റെ ടെലിഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് സുജിത് ദാസിനെ സസ്പെന്റ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
ക്രമസമാധാന പാലന ചുമതലയിൽനിന്ന് എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുജിത് ദാസിനെയും സർവീസിൽനിന്ന് മാറ്റി നിർത്തിയത്. പോലീസിനെ കളങ്കപ്പെടുത്തുന്ന ആരെയും സർവീസിൽ നിലനിർത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പോലീസ് അസോസിയേഷന്റെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കരഘോഷത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം സദസ് ഏറ്റെടുത്തത്. അതിനിടെ പി.വി അൻവർ എം.എൽ.എ നാളെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണും. പരാതി കൈമാറുമെന്നും അൻവർ മലപ്പുറത്ത് വ്യക്തമാക്കി.