തൃശൂർ: തൃശൂർ തെക്കിൻകാട് മൈതാനത്ത് 14-കാരനായ ഒൻപതാം ക്ലാസുകാരൻ യുവാവിനെ കുത്തിക്കൊന്നതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെന്ന് പോലീസ്. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് ഇന്നലെ രാത്രി 8.45-ഓടെ 14-കാരൻ കുത്തിക്കൊന്നത്.
കഞ്ചാവിന്റെ മണം വന്നതിനെത്തുടർന്ന് ഇത് ചോദ്യംചെയ്ത് കുട്ടികളെ അതിന്റെ അപകടം ധരിപ്പിച്ചതാണ് 14-കാരൻ യുവാവായ ലിവിനെ കുത്താൻ പ്രേരകമായതെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥിക്ക് ശക്തമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർത്ഥികളുടേത് തന്നെയാണെന്നും പോലീസ് പറഞ്ഞു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നതായും പറയുന്നു.
സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് കൂടുതൽ ഊർജിതമായ അന്വേഷണത്തിലാണ്.