കോഴിക്കോട്– പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4നാണ് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിനു മുൻപിൽ അപകടമുണ്ടായത്. പത്തൊൻപതുകാരനായ അബ്ദുൽ ജവാദാണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ബസ്, സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയും മറിഞ്ഞുവീണ ജവാദിന്റെ തലയിലൂടെ ബസിന്റെ ടയർ കയറുകയുമായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ച് റീത്തുമായി കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് ജീപ്പിനു മുകളിലും റീത്തു വച്ച് പ്രതിഷേധിക്കാൻ ശ്രമം ഉണ്ടായി. അപകടത്തിനു പിന്നാലെ പോലീസ് കേസെടുത്തെങ്കിലും എഫ്ഐആറിൽ ഡ്രൈവറുടെ പേരോ സ്വകാര്യ ബസിന്റെ പേരോ പരാമർശിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.