കാഞ്ഞങ്ങാട്: ആവശ്യ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കാസർക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ( ചൊവ്വാഴ്ച) ഹോട്ടലുകൾ അടച്ച് കലക്ടറേറ്റ് ധർണ നടത്തും.
പച്ചക്കറി, മൽസ്യം, മാംസം, പലവ്യഞ്ജനം തുടങ്ങിയവയുടെ വില വർദ്ധനവ് തടയാൻ സംസ്ഥാന സർക്കാർ പൊതുവിപണിയിൽ ഇടപെടുക, ജില്ലയിൽ വർദ്ധിച്ചു വരുന്ന സമാന്തര തട്ടുകടകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ രാവിലെ 10 ന് മാർച്ചും ധർണയും.
കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ 22 യൂണിറ്റുകളിലായി 1200 ഹോട്ടലുകളാണ് അസോസിയേഷനിലുള്ളത്. ജില്ലയിലെ സമാന്തര തട്ടുകടകൾ യാതൊരു മാനദണ്ഡവും കൂടാതെ ഭക്ഷ്യവിഭവങ്ങൾ വിൽപ്പന നടത്തുന്നത് തടയാൻ ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് നാരായണ പൂജാരി ,ജനറൽ സെക്രട്ടറി ബിജു ചുള്ളിക്കര, മുഹമ്മദ് ഗസ്സാലി ,രഘുവീർ പൈ, പുരുഷോത്തമൻ എന്നിവർ ആരോപിച്ചു.