തിരുവനന്തപുരം– നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുന്ന ബജറ്റിൽ അങ്കണവാടി-ആശാവർക്കർമാർക്കും സ്കൂൾ പാചകത്തൊഴിലാളികൾക്കും വേതന വർധനവ് പ്രഖ്യാപിച്ചു.
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയത്തിൽ 1000 രൂപയും ഹെൽപർമാരുടേതിൽ 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കും സാക്ഷരതാ പ്രേരകമാർക്കും 1000 രൂപ വീതം വേതന വർധനവ് ലഭിക്കും. സ്കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനം 25 രൂപ വർധിപ്പിച്ചു. സാമൂഹിക ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ-സ്ത്രീ സുരക്ഷാ മേഖലകൾക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സ്ത്രീ സുരക്ഷാ പദ്ധതികൾക്കായി 3720 കോടി രൂപ നീക്കിവെച്ചു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ മാറ്റം. കൂടാതെ 2 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി 12 കോടി രൂപയും വകയിരുത്തി.
തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധികമായി നൽകാനും ബജറ്റിൽ തീരുമാനമുണ്ട്. ഷീ വർക്കേഴ്‌സ് സ്‌പേസ് പദ്ധതിക്ക് 20 കോടിയും നേറ്റിവിറ്റി കാർഡ് വിതരണത്തിനായി 20 കോടിയും അനുവദിച്ചു. നികുതിയേതര വരുമാനത്തിൽ വർധനവുണ്ടായതായും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.



