- ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വടി കൊടുക്കരുതെന്ന് ഓർമപ്പെടുത്തൽ
പത്തനംതിട്ട: ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് നിർത്തിയ തീരുമാനം പിൻവലിക്കണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സ്‌പോട്ട് ബുക്കിങ് പുന:സ്ഥാപിക്കാതെ വെർച്വൽ ക്യൂ സംവിധാനവുമായി സർക്കാർ മുന്നോട്ടുപോയാൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് നിർത്താൻ തീരുമാനിച്ചിരുന്നു. ഓൺലൈൻ ബുക്കിങ് വഴി ദിവസവും 80,000 പേർക്കു വീതം ദർശനം നൽകാനാണ് സർക്കാർ തീരുമാനം. സുരക്ഷാ കാരണങ്ങളാലാണ് സ്‌പോട്ട് ബുക്കിങ് നിർത്തിയതെന്നും ഇവർ വാദിക്കുന്നു. എന്നാൽ, ഇതിനേതിരേയാണ് പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയുമുള്ളത്.
ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനം സർക്കാരിനു തന്നെ വിടുകയായിരുന്നു. സ്‌പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന ഭക്തരുടെ വികാരത്തോട് ദേവസ്വം ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലെടുത്ത തീരുമാനത്തിനെതിരേ പ്രതികരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. ഒപ്പം മാലയിട്ട് ശബരിമലയിൽ എത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പറയുന്നു.
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കിയ തീരുമാനം പിൻവലിക്കണമെന്നും ഇത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിലപാട് മാറ്റാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം 90,000 പേർക്ക് ഓൺലൈൻ ബുക്കിങും 15,000 പേർക്ക് സ്‌പോട്ട് ബുക്കിങും നൽകിയിട്ടും നിരവധി ഭക്തർക്ക് പന്തളത്ത് വന്ന് മാല ഊരി തിരിച്ചുപോകേണ്ടി വന്നു. അതിനേക്കൾ അപകടകരമായ സ്ഥിതി വിശേഷമായിരിക്കും ഇത്തവണ ഉണ്ടാകുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഇവിടെ എത്തുമ്പോഴാകും സ്‌പോട്ട് ബുക്കിങ് ഇല്ലെന്നു മനസിലാക്കുന്നത്. അപകടമാണ് സർക്കാർ ചെയ്യുന്നതെന്നും വിഷയം നിയമസഭയിൽ കൊണ്ടുവന്നിട്ടും സർക്കാർ ലാഘവത്തോടെയാണ് അതിനെ സമീപിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ശബരിമലയിൽ ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കി, സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ലെന്ന നിലപാട് വിശ്വാസികളോടുള്ള കനത്ത വെല്ലുവിളിയാണെന്നും ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ നിലപാട് ആവർത്തിച്ചാൽ, ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മുമ്പ് ശബരിമലയിലെ യുവതി പ്രവേശത്തിന് അനുകൂലമായുള്ള സുപ്രിംകോടതിയുടെ ചരിത്ര വിധിക്കെതിരേ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സംഘപരിവാർ കേന്ദ്രങ്ങൾ സ്‌പോട്ട് ബുക്കിങ്ങിന്റെ മറപിടിച്ച് പുതിയ രാഷ്ട്രീയ ആയുധം മെനയുകയാണെന്നും അവരുടെ കൈയിൽ വടി കൊടുക്കരുതെന്നുമാണ് സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം സർക്കാറിനും പാർട്ടി നേതൃത്വത്തിനും മുമ്പിൽ വയ്ക്കുന്നത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ സർക്കാറിനെ തിരുത്താനാകുമോ ഇല്ലയോ എന്നതാണിനി അറിയാനിരിക്കുന്നത്.
ശബരിമലയെ വീണ്ടും സംഘർഷ വേദിയാക്കാനുള്ള നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഭക്തരുടെ വികാരത്തോടൊപ്പം നിൽക്കാൻ സർക്കാറിന് സാധിക്കണമെന്നാണ് വിശ്വാസികൾ പറയുന്നത്.