കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിലുള്ള സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യയെയും പെട്രോൾ പമ്പിനായി ഓടിനടന്ന ടി.വി പ്രശാന്തനെയും പൂട്ടാൻ രാഷ്ട്രീയ നീക്കങ്ങൾ തകൃതി.
പെട്രോൾ പമ്പ് തുടങ്ങാൻ രണ്ട് കോടിയോളം രൂപ വേണമെന്നിരിക്കെ, പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ താൽകാലിക കരാർ ജീവനക്കാരനായ പ്രശാന്തന് ഇത്രയും വലിയ തുക എവിടെ നിന്ന് കിട്ടിയെന്ന് പരിശോധിക്കാൻ ഇ.ഡിയെ (എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്) രംഗത്തിറക്കാനാണ് നീക്കം. പ്രശാന്തന്റെ പരാതിയിലെ ഒപ്പിലും പേരിലുമുള്ള പൊരുത്തക്കേടുകൾ ഇതിനകം ദിവ്യയെയും സംഘത്തെയും വൻ പ്രതിരോധത്തിലാക്കിയിരിക്കെ, ഇ.ഡി വന്നാൽ കേസിൽ പല നിർണായക തെളിവുകളും പുറത്തു കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ ഇത്തരമൊരു നീക്കത്തിന് ബി.ജെ.പി ശ്രമം തുടങ്ങിയതായാണ് വിവരം. പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതോടൊപ്പം, പി.പി ദിവ്യയുടെ ഭർത്താവിനു വേണ്ടിയാണ് പ്രശാന്തൻ പെട്രോൾ പമ്പിനായി രംഗത്തുവന്നതെന്നടക്കമുള്ള ആരോപണങ്ങളിലും ഇ.ഡി അന്വേഷണത്തോടെ വ്യക്തത വരുമെന്നാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരുടെയെല്ലാം കണക്കുകൂട്ടൽ.
അതിനാൽ, ഇ.ഡി അന്വേഷണത്തോട് നവീൻ ബാബുവിന്റെ കുടുംബത്തിനും പ്രതിപക്ഷ പാർട്ടികൾക്കുമെല്ലാം പോസിറ്റീവ് സമീപനമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇത് കണ്ണൂർ സി.പി.എമ്മിന് വൻ പ്രഹരമാകുമെന്നും പറയുന്നു.
പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കാൻ എ.ഡി.എമ്മിന് കൈക്കൂലി നൽകിയെന്നായിരുന്നു പി.പി ദിവ്യയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്ന് ലൈസൻസിന് അപേക്ഷിച്ച ടി.വി പ്രശാന്തൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 ബി പ്രകാരം സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിന് ഇ.ഡിക്ക് അന്വേഷണം നടത്താൻ തടസ്സങ്ങളില്ലെന്നാണ് പറയുന്നത്. പിസി ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളിൽ ഒന്നാണ്. പി.സി ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായം ചെയ്താൽ അവരുടെ പങ്കിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ദിവ്യയും ഇ.ഡി അന്വേഷണ പരിധിയിൽ വരും. അഴിമതി നിരോധന നിയമത്തിലെ 2018-ലെ ഭേദഗതി പ്രകാരം നിർബന്ധാവസ്ഥയിൽ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ടെങ്കിലും ഇങ്ങനെ കൈക്കൂലി നൽകിയാൽ ഏഴ് ദിവസത്തിനകം അധികാരികളെ അറിയിക്കണമെന്നുണ്ട്. അതും പ്രശാന്തനും ദിവ്യക്കും കരുക്കാകുമെന്നാണ് ഇവരുടെ വിരുദ്ധ ധ്രുവങ്ങളിലുള്ളവർ പറയുന്നത്.
എ.ഡി.എമ്മിന്റെ അഴിമതി സംബന്ധിച്ച് പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് ആക്ഷേപം ഉന്നയിച്ചതായി പി.പി ദിവ്യ തലശ്ശേരി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതും ദിവ്യക്ക് തിരിച്ചടിയാകുന്ന സ്ഥിതിയാണിപ്പോഴുള്ളത്. എ.ഡി.എം നവീൻ ബാബു കൈക്കൂലി ചോദിച്ചിട്ടില്ലെന്നും അത്തരത്തിൽ പരാതി നൽകിയിട്ടില്ലെന്നുമാണ് റിട്ട. അധ്യാപകൻ കണ്ണൂർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശി ഗംഗാധരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അതേപോലെ യാത്രയയപ്പ് യോഗത്തിലേക്ക് കലക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന ദിവ്യയൂടെ വാദം കലക്ടറും തള്ളിയതാണ്.
അതിനിടെ, കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട സി.പി.എം വനിതാ നേതാവിനെ ഇതുവരെയും ചോദ്യം ചെയ്യാനോ പിടികൂടാനോ പോലീസിന് സാധിച്ചിട്ടില്ല. ഇന്ന് പരിഗണിക്കുമെന്ന് കരുതിയ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈമാസം 24-ലേക്ക് നീട്ടിയതും വൻ തിരിച്ചടിയാവുകയാണ്. ഇരിണാവിലെ വീട്ടിൽനിന്നും മുങ്ങിയ ദിവ്യയുടെ ഫോൺ സ്വിച്ച് ഓഫിലാണ് ഇപ്പോഴും. ദിവ്യക്കു വേണ്ടി പോലീസ് നൽകുന്ന സാവകാശം വൻ വിമർശങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്.
പ്രശ്‌നത്തിൽ പാർട്ടിയും അഭ്യന്തര വകുപ്പും രണ്ടു സമീപനമാണ് സ്വീകരിക്കുന്നതെന്നും പിണറായി പോലീസ് വേട്ടക്കാർക്കൊപ്പമാണെന്നതിന്റെ ഒന്നാം നമ്പർ തെളിവാണ് ദിവ്യയെ സേനയ്ക്ക് തൊടാനാകാത്തതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.