- എട്ടര വർഷത്തിനുശേഷം ഇതാദ്യമായാണ് സോണിയാ ഗാന്ധി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുള്ളത്
കൽപ്പറ്റ: വയനാട്ടിൽ കന്നിയങ്കത്തിനിറങ്ങുന്ന മതനിരപേക്ഷ ഇന്ത്യയുടെ പ്രിയങ്കരിയായ പ്രിയങ്കാ ഗാന്ധി, അമ്മയും കോൺഗ്രസ് പാർല്ലമെന്ററി പാർട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയോടൊപ്പം സുൽത്താൻ ബത്തേരിയിലെത്തി.
എട്ടര വർഷത്തിനുശേഷം ഇതാദ്യമാണ് സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. മകൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ച രണ്ടു തവണയും സോണിയാ ഗാന്ധി പ്രചാരണത്തിന് എത്തിയില്ലെങ്കിലും പ്രിയങ്കാ ഗാന്ധി പലവട്ടം പ്രചാരണത്തിനെത്തി വയനാടിന്റെയും കേരളത്തിന്റെയും നിറഞ്ഞ കൈയടി നേടിയിരുന്നു.
ഭർത്താവ് റോബർട്ട് വാധ്രയും മകൻ റെയ്ഹാനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. ഇന്ന് രാത്രി ബത്തേരിയിലെ സ്വകാര്യ റിസോർട്ടിലാണ് പ്രിയങ്കയും കുടുംബവും തങ്ങുക. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ ബുധനാഴ്ച രാവിലെയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തുക. പ്രത്യേക വിമാനത്തിൽ രാവിലെ കണ്ണൂരിലെത്തുന്ന ഇവർ അവിടെനിന്ന് ഹെലികോപ്റ്ററിലാണ് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ ഇറങ്ങുക.
രാവിലെ രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തി ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് പ്രിയങ്ക ഗാന്ധി വരണാധികാരിയായ ജില്ലാ കലക്ടർക്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. റോഡ് ഷോയിൽ ദേശീയ സംസ്ഥാന നേതാക്കളെല്ലാം പങ്കുചേരും.
രാഹുൽ ഗാന്ധി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ മൂന്നുദിവസമാണ് മണ്ഡലത്തിൽ ഉണ്ടായതെങ്കിൽ പ്രിയങ്കാ ഗാന്ധി പത്തുദിവസം മണ്ഡലത്തിൽ പ്രചാരണം നടത്തുമെന്ന ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഗാന്ധി കുടുംബത്തിന്റെയും കോൺഗ്രസ് അധ്യക്ഷനുൾപ്പെടെയുള്ളവരുടെയും വരവ് യു.ഡി.എഫ് ക്യാമ്പിൽ പുത്തനുണർവ് പകരുമെന്നാണ് കണക്കുകൂട്ടൽ. കോൺഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള പ്രവർത്തകരും പ്രിയങ്കയുടെ പ്രചാരണത്തിന് കൊഴുപ്പേകാൻ വയനാട്ടിലെത്തുന്നുണ്ട്. രാഹുലിന് ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്കയെ വിജയിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് മുന്നണി പ്രവർത്തകർ.