കോട്ടയം– വീണ്ടും മലപ്പുറത്തിനെതിരെ വിവാദ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. കേരളത്തിൽ മതാധിപത്യമാണെന്നും അദ്ദേഹം വിമർശിച്ചു. കോട്ടയം എസ്എൻഡിപി ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിമർശനം.
‘ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യണമെന്ന് സമസ്ത പറഞ്ഞു. ഇവിടെ മതാധിപത്യമാണ്. 2040 എത്തുന്നതോടെ കേരളത്തിൽ മുസ്‌ലിം ഭൂരിപക്ഷമാകുമെന്ന് വി.എസ്.അച്യുതാനന്ദൻ മുൻപു പറഞ്ഞു. എന്നാൽ അതുവരെ എത്തേണ്ടി വരുമെന്നു തോന്നുന്നില്ല. നിയോജക മണ്ഡലം നോക്കിയപ്പോൾ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞു. അതേ സമയം മലപ്പുറത്തു നാലു സീറ്റ് കയറി. നമ്മൾ ആദർശം പറഞ്ഞ് വെള്ളത്തിലാകുന്ന രീതിയിലാണ് പോകുന്നത്.’ – അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് താനൊരു സത്യം പറഞ്ഞുപോയെന്നും ഇതേതുടർന്ന് തീവ്രവാദികളും ഇടത്– വലതുപക്ഷ ആളുകളും കാന്തപുരം മുതൽ കുഞ്ഞാലിക്കുട്ടി വരെയും തന്നെ ആക്രമിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയൻ ചേർത്തലയിലെ സമ്മേളനത്തിൽ ഇതെപ്പറ്റി പറഞ്ഞതോടെ എല്ലാവരുടെയും വായടഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നസ്രാണി നമുക്ക് വെല്ലുവിളിയല്ല. അവരുടെ പേര് വോട്ടർപട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലൻഡിലുമാണ്. മലപ്പുറത്ത് ഞാനൊരു സത്യം പറഞ്ഞുപോയി. തീവ്രവാദികളും ഇടത്– വലതുപക്ഷ ആളുകളും കാന്തപുരം മുതൽ കുഞ്ഞാലിക്കുട്ടി വരെയും എന്നെ ആക്രമിച്ചു. പിണറായി വിജയൻ ചേർത്തലയിലെ സമ്മേളനത്തിൽ ഇതെപ്പറ്റി പറഞ്ഞതോടെ എല്ലാവരുടെയും വായടഞ്ഞു. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ട്. കേരള കോൺഗ്രസിന്റെ അടിത്തറ ക്രിസ്ത്യാനികളാണ്. ശങ്കറിനെ നശിപ്പിക്കാനാണ് കേരള കോൺഗ്രസെന്ന കോളറ ഉണ്ടാക്കിയത്. പി.ജെ.ജോസഫാണ് പൊതുവിദ്യാഭ്യാസത്തിന്റെ അന്തകനായത്. മലബാറിൽ 18 സീറ്റുള്ളവർക്കു തിരുക്കൊച്ചിയിൽ നാലു സീറ്റ് കൂടി വേണം. അവർ അധികാരത്തിലെത്തി മുഖ്യമന്ത്രിയാകാനാണ് ശ്രമം.’– വെള്ളാപ്പള്ളി പറഞ്ഞു.