കോഴിക്കോട്: കാർഡിയാക് ഐ.സി.യുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. മാസ്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഐ.സി.യുവിൽ ഡോക്ടേഴ്സിന്റെ സജീവ നിരീക്ഷണത്തിലാണിപ്പോൾ.
ഇക്കഴിഞ്ഞ 15-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. വിവരമറിഞ്ഞ് സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തി. അതിനിടെ എം.ടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. ചികിത്സ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും തിരക്കിയ രാഹുൽ, എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്ന് ആശംസിച്ചു.
ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി, എം.എൽ.എമാർ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശുപത്രിയിൽ എത്തി.