- ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. സംവിധായകനെതിരേ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
- മഞ്ജു, എല്ലാം നീ എത്ര വേഗമാണ് മറന്നതെന്ന സംവിധായകന്റെ ചോദ്യം വീണ്ടും ചർച്ചയാവുന്നു
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകൻ ശ്രീകുമാർ മേനോൻ അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നൽകിയിരുന്നത്. തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായിരിക്കെ അദ്ദേഹത്തിന് മഞ്ജു നേരിട്ട് നൽകിയ പരാതിയിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്.
തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി റദ്ദാക്കിയത്.
ശ്രീകുമാർ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശ്യത്തോടെ പിന്തുടർന്നുവെന്ന ആക്ഷേപവും നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ നായികയായിരുന്നു മഞ്ജു വാര്യർ. സിനിമയുടെ റിലീസിന് ശേഷമാണ് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും തമ്മിൽ അസ്വാരസ്യമുണ്ടായത്.
നടൻ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു ആദ്യമായി അഭിനയിച്ചത് ശ്രീകുമാർ മേനോന്റെ പരസ്യത്തിലായിരുന്നു. നടി പരാതി നൽകിയതിന് പിന്നാലെ മഞ്ജുവിന് പ്രതിസന്ധി കാലത്ത് താനേ ഒപ്പമുണ്ടായിരുന്നുള്ളൂവെന്നും അവർക്കു വേണ്ടി ഞാൻ പലരെയും പിണക്കിയെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.
‘സ്‌നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ. ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ… നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപ്പെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നതെന്ന് പോലീസ് പരാതിക്കു പിന്നാലെ ശ്രീകുമാർ മേനോൻ ചോദിക്കുകയുണ്ടായി.
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളൂവെന്ന് പറഞ്ഞ് ആശങ്കപ്പെട്ടിരുന്ന മഞ്ജുവിന്റെ കൈയിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് കൊടുത്തതും സംവിധായകൻ ഓർമിപ്പിക്കുകയുണ്ടായി.
അപ്പോൾ, ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാറെന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് പോലും മഞ്ജു മറന്നെന്ന് സംവിധായകൻ പ്രതികരിച്ചിരുന്നു. അന്ന് നടിയെ പിന്തുണച്ച്, മഞ്ജു വാര്യരുടെ പ്രശസ്തി പരസ്യത്തിലൂടെ മുതലെടുക്കുകയാണ് ശ്രീകുമാർ മേനോൻ ചെയ്തതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.