കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ലോറി ഉടമ മനാഫ്. തനിക്കും കുടുംബത്തിനും നേർക്കുള്ള സൈബർ വേട്ട ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കിയത്.
യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. മതസ്പർധ വളർത്തുന്ന പ്രചാരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.
അതിനിടെ, ഷിരൂരിൽ മണ്ണിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബം നൽകിയ സൈബർ ആക്രമണ പരാതിയിൽ നിന്നും ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ് പറഞ്ഞു. മനാഫിനെതിരെ കേസെടുക്കാൻ പര്യാപ്തമായ തെളിവുകളൊന്നും ലഭിക്കാത്ത സഹചര്യത്തിലാണ് ഈ നടപടി.
ചേവായൂർ പോലീസിന് അർജുന്റെ കുടുംബം നല്കിയ മൊഴിയിലോ പരാതിയിലോ മനാഫിനെതിരേ കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. മനാഫും അർജുന്റെ കുടുംബാംഗങ്ങളും തമ്മിലുണ്ടായ അപസ്വരം ഇരുകൂട്ടരും ഒരുമിച്ചിരുന്ന് പറഞ്ഞ് തീർക്കുകയും ചെയ്തിരുന്നു.