- രോഗവും പ്രായം തളർത്തിയ അവശതകൾക്കുമിടയിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ ഭർത്താവിന്റെ വിയോഗ ശേഷം കണ്ണുനീരിന്റെ ഈണവുമായാണവർ ജീവിതം തള്ളിനീക്കിയത്.
നിത്യജീവിതത്തിന് വഴികളില്ലാത, കടം പേറി ജപ്തി ഭീഷണിയിലും മറ്റുമായി 20-ഓളം വീടുകൾ മാറി മാറി താമസിക്കാൻ ഈ ഗായിക നിർബന്ധിതയായി. അടിക്കടിയുണ്ടായ നാല് അപകടങ്ങളും ഇവരുടെ ജീവിതത്തിൽ വലിയ വെല്ലുവിളികളുയർത്തി. മലയാളികൾ ‘പച്ചപ്പനംതത്ത’ ആവേശത്തോടെ മൂളിപ്പാടിയെങ്കിലും ഇവരുടെ ജീവിതത്തിന് വലിയ ഞെരുക്കമായിരുന്നു പലപ്പോഴും…
കോഴിക്കോട്: വിപ്ലവഗാനങ്ങളും നാടകഗാനങ്ങളും സിനിമാഗാനങ്ങളുമായി മലയാളികളുടെ മനസ്സ് കവർന്ന ഗായികയാണ് അന്തരിച്ച മച്ചാട്ട് വാസന്തി. അഭിനേത്രിയും ചലച്ചിത്ര-നാടക പിന്നണി ഗായികയുമായ മച്ചാട്ട് വാസന്തിയെ പാട്ടിന്റെ വിപ്ലവ വേദിയിലേക്ക് ആദ്യമായി കൈപിടിച്ച് പ്രോത്സാഹിപ്പിച്ചത് മുൻ മുഖ്യമന്ത്രി യശ്ശശരീരനായ ഇ.കെ നായനാരാണ്.
അങ്ങനെ, കണ്ണൂരിലെ കിസാൻസഭാ സമ്മേളന വേദിയിൽ തന്റെ ഒൻപതാം വയസ്സിലാണ് വാസന്തി ആദ്യമായി പൊതുവേദിയിൽ പാടിയത്. ‘പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീര യുവാവേ നീ’ എന്ന് തുടങ്ങുന്നതായിരുന്നു ആ ഗാനം.
വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായിരുന്ന എം.എസ് ബാബുരാജിന് ഇഷ്ടമായതോടെ അദ്ദേഹം ധാരാളം അവസരങ്ങൾ നൽകി. കല്ലായിയിൽ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടിയെങ്കിലും സിനിമ വെളിച്ചം കണ്ടിരുന്നില്ല.
ആകാശവാണിയിലും സിനിമയിലും നാടകത്തിലുമായി പതിനായിരത്തിലേറെ ഗാനങ്ങൾ തന്റെ 81 വയസ്സുകൾക്കിടെ ഇവർ പാടിയിട്ടുണ്ട്. പാട്ടിൽ മാത്രമല്ല അഭിനയരംഗത്തും വാസന്തി തിളങ്ങി.
‘പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻ കതിരേ…’ എന്നതുൾപ്പെടെ സംഗീതാസ്വാദകരുടെ മനസ്സിൽ പച്ച പിടിച്ചുനിൽക്കുന്ന ഒരുപിടി പാട്ടുകൾ കൈരളിക്ക് സമർപ്പിച്ച് അനശ്വരമാക്കാൻ ഈ ഗായികയ്ക്കായി. ഓളവും തീരവും സിനിമയിൽ ബാബുരാജിന്റെ സംഗീതത്തിൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ…മധുരക്കിനാവിന്റെ കരിമ്പുതോട്ടം…’ എന്ന പാട്ട് ജനകീയയാക്കിയതും ഈ ശബ്ദമാണ്.
‘തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും..’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും…’, ‘കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..’, ‘പത്തിരി ചുട്ടു വിളമ്പി വിളിച്ചത്.. തുടങ്ങിയവയും വാസന്തി പാടി മലയാളികൾ ഞെഞ്ചിലേറ്റിയ ഗാനങ്ങളിൽ ചിലതാണ്.
കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്‌സിന്റെ കറുത്ത പെണ്ണ്, കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടൽ, പി.ജെ ആന്റണിയുടെ ഉഴുവുചാൽ, തിക്കോടിയന്റെ നാടകങ്ങൾ എന്നിവയിൽ വാസന്തി നടിയായും ഗായികയുമായി ശ്രദ്ധിക്കപ്പെട്ടു.
കലാസാഗർ മ്യൂസിക് ക്ലബ്ബ് സെക്രട്ടറിയും പ്രൊജക്ടർ ഓപ്പറേറ്ററുമായിരുന്ന പി.കെ ബാലകൃഷ്ണനുമായുള്ള വിവാഹത്തോടെ ദൂരയാത്രകൾ കുറഞ്ഞ് പിന്നീട് കുടുംബത്തോടൊപ്പമായിരുന്നു കൂടുതലും. ഇതിനിടയിൽ കിട്ടുന്ന നാടകങ്ങളിലെല്ലാം വേഷമിട്ടു. 48-ാം വയസ്സിൽ ഭർത്താവ് ബാലകൃഷ്ണൻ മരിച്ചതോടെ, എട്ടുലക്ഷത്തോളമുണ്ടായിരുന്ന കടബാധ്യതകൾ വീട്ടാനായാണ് അവർ വീണ്ടും പാട്ടിന്റെ വഴിയിലേക്ക് വന്നത്. തെരഞ്ഞെടുപ്പു കാലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾക്കായും പാടി.
രോഗവും പ്രായം തളർത്തിയ അവശതകൾക്കുമിടയിൽ ചികിത്സിക്കാൻ പോലും പണമില്ലാതെ കണ്ണുനീരിന്റെ ഈണവുമായാണവർ ഏറെ നാളുകൾ ജീവിച്ചത്. ഭർത്താവിന്റെ വിയോഗത്തോടെ, കടം പേറി ജപ്തി ഭീഷണിയിലും മറ്റുമായി 20-ഓളം വീടുകൾ മാറി മാറി താമസിക്കാൻ ഇവർ നിർബന്ധിതയായിരുന്നു. അടിക്കടിയുണ്ടായ നാല് അപകടങ്ങളും ഇവരുടെ ജീവിതത്തിൽ വലിയ വെല്ലുവിളികളുയർത്തി.
വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ ജില്ലയിലെ കക്കാടാണ് ജനനം. മുരളി, സംഗീത എന്നിവർ മക്കളാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ചശേഷം സംസ്‌കരിക്കും.