കൊച്ചി – സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശ് നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനെ ഹോസ്റ്റിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ് എസ് ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കുകയാണുണ്ടായതെന്നാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്ന് സി ബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാറിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാല്‍ അതിന്റെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സി ബി ഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസ് കൈമാറുന്നതില്‍ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സി ബി ഐ അന്വേഷണത്തിന് എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.