തൃശൂർ- കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിന്നിൽ താനാണെന്ന ആരോപണം അസംബന്ധമാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണെന്നും കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രേഖയില്ലാതെയാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ പിന്നിൽ ഞാനാണെന്ന് ആരോപിച്ച് ജീവിതം വെച്ച് കളിക്കുകയാണ്. ഇതിന് ഒരാളെയും ഞാൻ അനുവദിക്കില്ല. രാഷ്ട്രീയത്തിൽ ശോഭ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ഗോകുലം ഗോപാലനും മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജനും ആണെന്നും ശോഭ പറഞ്ഞു.
തിരൂർ സതീശന്റെ പിന്നിലാരാണ് എന്ന് അന്വേഷിച്ച് കണ്ടെത്തണം, കടക്കെണിയിലായിരുന്ന സതീശന്റെ ബാധ്യതകൾ തീർത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. സതീശൻ തൃശൂർ ബി.ജെ.പി ഓഫീസിൽനിന്ന് പോയതിന് ശേഷം എവിടെയും ജോലി ചെയ്തിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പണത്തിന് വേണ്ടിയാണ് സതീശൻ ആരോപണം ഉന്നയിച്ചതെന്നും ശോഭ വ്യക്തമാക്കി.
കേരളത്തിൽ മുഖ്യമന്ത്രി പദവിയിലെത്താനാണ് ബി.ജെ.പിയുടെ നീക്കം. അതിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ശോഭ സുരേന്ദ്രന് എതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ചാൽ ഏതാളായാലും എതിർക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.