തിരുവനന്തപുരം– കേരള തീരത്തിനടുത്ത് അറബിക്കടലിലുണ്ടായ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതിക-സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഫണ്ട് ആവശ്യപ്പെടാനും കഴിയും.
വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട് എം.എസ്.സി എല്‍സ 3 എന്ന കപ്പല്‍ ഞായറാഴ്ച പൂര്‍ണമായി മുങ്ങിയിരുന്നു. അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ 13 കണ്ടെയ്നറുകളടക്കം അറുനൂറിലേറെ കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 50 ഓളം കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞു. അവയില്‍ അപകടകരമായ വസ്തുക്കളില്ല. തിരിച്ചെത്തിയ മിക്ക കണ്ടെയ്നറുകളും കാലിയാണ്. കപ്പല്‍ അപകടത്തില്‍പ്പെട്ട മേഖലയില്‍ എണ്ണയുടെ അംശം കലര്‍ന്നിരുന്നത് ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.