എറണാകുളം– സിനിമ നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്യേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. കേസന്യേഷണത്തിൽ നടപടിക്രമങ്ങള്‍ പാലിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി. പരിശോധനക്കിടെ പോലീസ് കണ്ടെടുത്ത കൊക്കയ്ന്‍ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചിക്കാതിരുന്നതും രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞതും പോലീസിന്റെ വീഴ്ചകളായി കോടതി പറഞ്ഞു.
ലഹരി മരുന്ന് കണ്ടെടുത്തിട്ടും അത് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാന്‍ പോലീസിനായില്ലെന്നും വനിതാ പോലീസിന്റെ മൊഴിയില്‍ ഉള്‍പ്പെടെ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വലിയ ശിക്ഷയാണണ് ലഭിക്കുക. അതോടൊപ്പം കുറ്റാരോപിതന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് അവര്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയെന്നത്, എന്നാല്‍ അതിന് പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പക്ഷെ ഷൈൻ ടോം ചാക്കോയൊ പിടിക്കപ്പെട്ട നാല് മോഡലുകളോ ലഹരി വസ്തു ഉപയോഗിച്ചു എന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2015 ജനുവരി 30നാണ് കൊച്ചി കടവന്തറ ഫ്ലാറ്റിൽ വെച്ച് അർദ്ധരാത്രി പോലസ് ഇവരെ അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബറിൽ അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ച കേസിൽ 2025 ഫെബ്രുവരിയിൽ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി.