കൊച്ചി: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കോഴിക്കോട് നാദാപുരം തൂണേരി ഷിബിൻ കൊലക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പടെ വെറുതെ വിട്ട എട്ടുപേർ കുറ്റക്കാരെന്ന് കേരള ഹൈക്കോടതി വിധി. കേസിലെ ആദ്യ ആറു പ്രതികളും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കോഴിക്കോട് എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഷിബിന്റെ പിതാവ്, സർക്കാർ, ആക്രമണത്തിൽ പരുക്കേറ്റവർ എന്നിവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, കീഴ്‌കോടതി വിധി ഭാഗികമായി റദ്ദാക്കിയത്. കേസിലെ 18 പ്രതികളിൽ 17 പേരെ അഡീഷണൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാർ നേരത്തെ വെറുതെ വിട്ടിരുന്നു. ഇതാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. പ്രതികൾ 15ന് കോടതിയിൽ ഹാജരാകണമെന്നും ശിക്ഷ അന്ന് വിധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2015 ജനുവരി 22-ന് രാത്രിയാണ് ഷിബിൻ കൊല്ലപ്പെട്ടത്. കേസിൽ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ പ്രായപൂര്ത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്. രാഷ്ട്രീവും വർഗീയവുമായ വിരോധത്താൽ പ്രതികൾ മാരകായുധങ്ങളുമായി കൊല്ലപ്പെട്ട ഷിബിൻ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്.
മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കൊലപാതക രാഷ്ട്രീയത്തിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും പ്രതികൾക്ക് അർഹിച്ച ശിക്ഷ ലഭിക്കണമെന്നും ഷിബിന്റെ പിതാവും പറഞ്ഞു.