ന്യൂഡല്‍ഹി– രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വോട്ടുമോഷണം എന്നുപറഞ്ഞ് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾക്ക് പിന്തുണ നൽകി കൊണ്ടാണ് ശശി തരൂർ രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന്റെ കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോപോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്ന് തരൂർ പറഞ്ഞു. എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടര്‍മാരുടെയും താൽപര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂര്‍ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകര്‍ക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും തരൂര്‍ എക്‌സിൽ കുറിച്ചു.