തൃശൂര്‍– ഷെയര്‍ ട്രേഡിങിലൂടെ വന്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കിഴുത്താണി സ്വദേശിയില്‍ നിന്ന് 1.34 കോടി തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് വൈത്തിരി ചൂണ്ടേല് സ്വദേശി ചാലംപാട്ടില്‍ വീട്ടില്‍ ഷനൂദ് (23) ആണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് ഏജന്റായിട്ടാണ് യുവാവ് പ്രവര്‍ത്തിച്ചത്. 2024 സെപ്തംബര്‍ 22 മുതല്‍ ഒകടോബര് 31 വരെയുള്ള കാലയളവുകളിലായി തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളില്‍ നിന്ന് പലതവണകളായി പരാതിക്കാരന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയച്ച് നല്‍കിയിരുന്നു. ഈ പണത്തില്‍ നിന്ന് ഷനൂദിന്റേ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റായതായും പോലീസ് കണ്ടെത്തി.
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരന് വാട്സാപ്പില്‍ മെസേജ് അയക്കുകയും ട്രേഡിങ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീട് ട്രേഡിങ് നടത്തുന്നതിനുള്ള ലിങ്കും നിര്‍ദേശങ്ങളും അയച്ചു നല്കി. പരാതിക്കാരന് പ്രതികളുടെ അക്കൗണ്ടിലേക്ക് 1,34,50,000 രൂപയാണ് അയച്ച് നല്‍കിയത്. ഈ പണത്തില്‍ നിന്ന് 14 ലക്ഷം രൂപ ഷനൂദിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റായതായും ഈ തുകയില്‍ നിന്ന് 4 ലക്ഷം രൂപക്ക് മലപ്പുറത്ത് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയതായും പോലീസ് കണ്ടെത്തി. ഏജന്റായി പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമായാണ് 14 ലക്ഷം രൂപ കൈപറ്റിയത്. പ്രാഥമിക അന്യേഷണത്തില്‍ ഇയാളുടെ പേരില്‍ ഉത്തരേന്ത്യയില്‍ ആറു കേസുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷാജന് എം.എസിന്റെ നേതൃത്വത്തില്‍ അന്യേഷണം പുരോഗമിക്കുന്നു.