കൊച്ചി- മലയാള സിനിമയുടെ ഖ്യാതി ലോകത്തെ അറിയിച്ച പ്രശസ്ത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ അന്തരിച്ചു. രാജ്യം പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ച കലാകാരനാണ് ഷാജി എൻ കരുൺ എന്ന ഷാജി നീലകണ്ഠൻ കരുണാകരൻ. സംവിധായകൻ, ഛായാഗ്രാഹകൻ, തിരക്കഥകൃത്ത് എന്നീ നിലകളിലും പ്രശസ്തനാണ് ഷാജി.
ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.
കൊല്ലം ജില്ലയിൽകണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തപുത്രനായിട്ടാണ് ഷാജി ജനിച്ചത്. 1963 -ൽ അവരുടെ തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ കീഴിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്തു.
ഷാജി ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ പിറവി ആണ്. രണ്ടാമത്തെ സിനിമ 1994 ൽ സ്വം ആയിരുന്നു. 1999 ൽ ഇറങ്ങിയ വാനപ്രസ്ഥം വളരെ ശക്തമായ പ്രമേയമുള്ള മറ്റൊരു ചിത്രമായിരുന്നു. ഈസ്റ്റ്മാൻ കൊഡാക് അവാർഡ് , ഹവായി രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങിയവയും സ്വന്തമാക്കി. കാഞ്ചന സീത (1977), എസ്തപ്പാൻ (1981), ഒന്നു മുതൽ പൂജ്യം വരെ (1986) എന്നിവക്ക് സംസ്ഥാന അവാർഡ് ലഭിച്ചു.
പിറവി (1989), സ്വം (1994), വാനപ്രസ്ഥം’ (1999) എന്നിവക്ക് ദേശീയ അവാർഡ് ലഭിച്ചു.
ഭാര്യ- അനസൂയ വാരിയർ. കുട്ടികൾ അനിൽ, അപ്പു.