കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംപി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. കൊലപാതകത്തിൽ നിന്ന് സി.പി.എമ്മിന് ഒളിച്ചോടാനാകില്ലെന്നും ഷാഫി പറഞ്ഞു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കേസിൽ ജനുവരി മൂന്നിന് ശിക്ഷാവിധി പ്രഖ്യാപിക്കും. സിപിഎം നേതാക്കൾ അടക്കം കേസിൽ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞു. 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന് അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 10 പ്രതികളെ കോടതി വെറുതേ വിട്ടു. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.