തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ പരാതിക്കാരിയാക്കില്ലെന്ന് തീരുമാനം. റിനിക്ക് നിയമനടപടികളോട് താൽപര്യമില്ലാത്തതും തെളിവുകൾ ദുർബലമായതും കാരണം, അവരെ പരാതിക്കാരിയാക്കാൻ കഴിയില്ലെന്ന നിയമോപദേശം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മൊഴിയെടുക്കലിനിടെ, രാഹുൽ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന ആരോപണം റിനി ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചിരുന്നു. ഇതിന്റെ തെളിവായി സ്ക്രീൻഷോട്ടുകളും അവർ കൈമാറിയിരുന്നു. എന്നാൽ, നിയമനടപടികളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് റിനി അറിയിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുകയായിരുന്നു.
റിനി നൽകിയ തെളിവുകൾ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കിയത്. അതിനാൽ, റിനിയെ സാക്ഷിയാക്കുന്നതാണ് ഉചിതമെന്നും നിർദേശം ലഭിച്ചു. റിനി സാക്ഷിയാകുന്നതോടെ, കേസിൽ പരാതിക്കാരനില്ലാത്ത അവസ്ഥയാണ് നിലവിൽ. ഇതുമൂലം കേസന്വേഷണം മന്ദഗതിയിൽ നീങ്ങാനാണ് സാധ്യത.