കൊച്ചി: കുട്ടികള്‍ കാണുന്ന രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്നശരീരം കാണിക്കുന്നതും കുറ്റകരമാണെന്നും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും ഹൈക്കോടതി. ഇങ്ങനെ ഒരു സംഭവത്തില്‍ തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ലോഡ്ജ് മുറിയില്‍ വാതിലടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് പോക്സോ ആക്ടിലെ വകുപ്പുകള്‍, ഇന്ത്യന്‍ പീനല്‍ കോഡ്, ബാല നീതി നിയമം തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തത്. വാതില്‍ തുറന്നപ്പോള്‍ കുട്ടി ഈ രംഗം കാണുകയും തന്റെ മാതാവിനൊപ്പമുണ്ടായിരുന്ന പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുട്ടിയെ മര്‍ദ്ദിച്ചെന്നാണ് കേസ്.
കുട്ടിക്കു മുന്നില്‍ ഒരാള്‍ നഗ്ന ശരീരം കാണിക്കുന്നത് കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് കോടതി നിരീക്ഷിച്ചു. ഇവിടെ ഹര്‍ജിക്കാരനായ പ്രതി നഗ്നനാകുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാതില്‍ പൂട്ടാതിരുന്നതുകൊണ്ട് കുട്ടി അകത്തേക്കു വരികയം നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. ഈ കേസില്‍ പോക്സോ നിയമത്തിലെ പല വകുപ്പുകളും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ പ്രതി തല്ലിയപ്പോള്‍ മാതാവ് തടഞ്ഞില്ല. അതിനാല്‍ ഐപിസി അനുസരിച്ചുള്ള വകുപ്പുകളും നിലനില്‍ക്കുമെന്നും കേസില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ബാലനീതി നിയമപ്രകാരമുള്ള കുറ്റം, പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞു എന്നീ കുറ്റങ്ങള്‍ കോടതി റദ്ദാക്കി.