തൃശൂർ: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും പൊതുപ്രവർത്തകർ സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും കളങ്കരഹിതരായിരിക്കണമെന്നും മുൻ എം.പി. ടി.എൻ. പ്രതാപൻ പറഞ്ഞു. പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണമെന്നും മാതൃകയാകേണ്ടവരാണെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
“രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാതലത്തിൽ നടപടി ഇന്നലെതന്നെ സ്വീകരിച്ചു. അനന്തര നടപടികൾ ഉണ്ടാകുമെന്ന് എ.ഐ.സി.സി. അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാഹുൽ സ്വമേധയാ രാജിവെച്ചെങ്കിലും, പൊതുപ്രവർത്തകർ പാലിക്കേണ്ട നിഷ്കർഷതകളെക്കുറിച്ച് കെ.സി. വേണുഗോപാൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏത് പ്രസ്ഥാനത്തിലായാലും പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്,” ടി.എൻ. പ്രതാപൻ പറഞ്ഞു.
അതേസമയം, വിവാദങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നടത്താനിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നാണ് റദ്ദാക്കലിന്റെ കാരണമായി അദ്ദേഹം പറഞ്ഞത്. എം.എൽ.എ. സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന കാര്യത്തിൽ യു.ഡി.എഫിൽ രണ്ടഭിപ്രായം നിലനിൽക്കുന്നു. കടുത്ത നടപടി വേണമെന്ന് വി.ഡി. സതീശൻ ഉറപ്പിച്ചു പറയുമ്പോൾ, ഷാഫി പറമ്പിൽ എം.പി. അടക്കമുള്ളവർ രാഹുലിനെ പിന്തുണക്കുന്നു.
എന്നാൽ, എം.എൽ.എ. സ്ഥാനം രാജിവെക്കുന്നത് ആലോചനയിൽ പോലുമില്ലെന്ന് അടൂരിലെ വീട്ടിൽവെച്ച് രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. “നിയമവിരുദ്ധമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കാണ് അവ തെളിയിക്കാനുള്ള ബാധ്യത. രാജിവെച്ചത് കുറ്റം ചെയ്തതുകൊണ്ടല്ല. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അധിക ബാധ്യത വേണ്ട. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാം,” രാഹുൽ പറഞ്ഞു.
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന് ആരോപിക്കപ്പെടുന്ന രാഹുലിന്റെ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങൾ ശനിയാഴ്ച പുറത്തുവന്നു. ഇതിനുപിന്നാലെയാണ് വാർത്താസമ്മേളനം റദ്ദാക്കിയത്. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ റദ്ദാക്കിയതെന്നതിൽ വ്യക്തതയില്ല. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം കടുപ്പിച്ചിരിക്കുന്നു.
മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജാണ് രാഹുലിനെതിരെ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. യുവനേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും പേര് വെളിപ്പെടുത്താതെ അവർ ആരോപിച്ചു. തുടർന്ന് കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്തെത്തി, രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയും ചെയ്തു.