തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ എം.പി ഓഫിസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയും, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിലും സുരേഷ് ഗോപിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഈ നടപടി. പ്രതിപക്ഷ മുന്നണികളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി കോൺഗ്രസും എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാറും ആരോപിച്ചു. സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് ഇരു മുന്നണികളുടെയും വാദം.
അതിനിടെ, സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഛത്തീസ്ഗഢിലെ കന്യാസ്ത്രീ അറസ്റ്റിനു ശേഷം സുരേഷ് ഗോപിയെ തൃശൂരിൽ കാണുന്നില്ലെന്നും, അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.