കോഴിക്കോട്– സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ മിക്ക പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി. വൈകീട്ട് ആറ് വരെയാണ് പോളിങ് സമയം.
വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് ജനവിധി തേടുന്നത്.
ആകെ 38,994 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 1.53 കോടി വോട്ടർമാർക്കായാണ് 18,274 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്.
ആകെ 18,274 പോളിങ് ബൂത്തുകളിൽ 2,055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. ഈ ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ആദ്യ മണിക്കൂറുകളിൽ പലയിടത്തും ഇ.വി.എം. (ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ) തകരാറിലായത് പോളിങ്ങിനെ ബാധിച്ചു.
രാവിലെ ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ ഏകദേശം 133 പോളിങ് ബൂത്തുകളിൽ പോളിങ് ആരംഭിക്കാനായിരുന്നില്ല. 81 ബൂത്തുകളിൽ മോക്ക് പോളിങ് പൂർത്തിയാവാനും കാലതാമസം നേരിട്ടു.
ആലപ്പുഴയിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ ഇന്ന് റീപോളിംഗ് നടക്കും.
സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പടം വാർഡിലെ തെരഞ്ഞെടുപ്പ് മറ്റൊരു തീയതിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ഫലപ്രഖ്യാപനം ശനിയാഴ്ചയാണ് നടക്കും.



