തിരുവനന്തപുരം: രാത്രി മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചതിന് നടൻ ബൈജു സന്തോഷിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം. നടനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനടക്കം വിവിധ വകുപ്പകളനുസരിച്ചാണ് കേസെടുത്തത്.
മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചാണ് അപകടമുണ്ടാക്കിയത്.
സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം വളരെ മോശമായി പെരുമാറിയെന്ന് സ്‌കൂട്ടർ യാത്രികൻ നൽകിയ പരാതിയിലുണ്ട്. വണ്ടിയാകുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതിനിപ്പോൾ എന്താണെന്നായിരുന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരോടായി കയർത്തുകൊണ്ട് നടന്റെ ചോദ്യം.
സ്ഥലത്തെത്തിയ പോലീസിനോടും സഹകരിക്കാൻ നടൻ കൂട്ടാക്കിയില്ല. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ രക്ത സാമ്പിൾ നൽകാൻ വിസമ്മതിച്ചു. ഡോക്ടറെ അസഭ്യം പറയുകയുമുണ്ടായി. ഇതിന് ശേഷം മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ബൈജു തയ്യാറാകാത്തതിനാൽ വൈദ്യ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഡോക്ടർ റിപോർട്ട് നൽകിയതായാണ് വിവരം.
അപകടത്തിന് പിന്നാലെ കൺട്രോൾ റൂമിൽനിന്നും പോലീസെത്തി പരുക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബൈജുവിനെയും കൂടെയുണ്ടായിരുന്ന മകളെയും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ നടൻ പോലീസുമായും നാട്ടുകാരുമായും കൊമ്പുകോർക്കുകയുമുണ്ടായി.