കോഴിക്കോട്: പാലക്കാട് എ ക്ലാസ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള പൊട്ടിത്തെറിയുടെ തുടർച്ചയെന്നോണം കോഴിക്കോട്ട് ബി ജെ പി നേതാക്കൾക്കെതിരെ പോസ്റ്റർ.
പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് തെരഞ്ഞെടുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന പി രഘുനാഥ് എന്നിവർക്കെതിരെയാണ് നഗരത്തിൽ പോസ്റ്റർ.
ഇവർ ബി ജെ പിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബി ജെ പിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബി ജെ പി എന്ന പേരിലാണ് പോസ്റ്റർ പതിച്ചത്.
ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ പാർട്ടി നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കുകയാണ്. തെരഞ്ഞെടുപ്പ് തോൽവി, സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ ഇന്നത്തെ യോഗത്തിന്റെ ചർച്ചയിലുണ്ട്.