കോഴിക്കോട്– സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ ചൊടിപ്പിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രി ചർച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരപരിപാടികൾ സമസ്ത നേരത്തെ തീരുമാനിച്ചതാണ്. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. മുസ്ലിം സമൂഹം വലിയൊരു സമുദായമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ചില പ്രസ്താവനകൾ ചൊടിപ്പിച്ചെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്, ആകെ 24 മണിക്കൂറല്ലേ ഉള്ളൂ ജിഫ്രി തങ്ങൾ പറഞ്ഞു. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മദ്രസ സമയം മാറ്റാൻ പറ്റില്ല. മന്ത്രിക്ക് വാശി സ്വഭാവം പാടില്ലെന്നും’ ജിഫ്രി തങ്ങൾ പറഞ്ഞു.
സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ എന്നും അദ്ദേഹം ചോദിച്ചു. സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണമെന്നും വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ, എല്ലാ സമുദായത്തിന്റെയും പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല അദ്ദേഹം വ്യക്തമാക്കി.