കോഴിക്കോട്: സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഭിന്നതയില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഖാദി ഫൗണ്ടേഷൻ സമസ്തക്ക് എതിരല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തങ്ങൾക്കിടയിൽ പ്രശ്നമില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവർത്തിച്ചു. കേരളത്തിലെ മുസ്ലിം സമൂഹത്തിൽ 99 ശതമാനം പേരും മദ്റസ വിദ്യാഭ്യാസം നേടിയവരാണെന്നും മതസൗഹാർദ്ദത്തിന്റെ അടിസ്ഥാനം ഇതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് പണ്ഡിതരും നേതാക്കളും യോജിച്ചാണ് മുന്നോട്ടുപോകുമെന്നും തങ്ങൾ പറഞ്ഞു.
ഖാദി ഫൗണ്ടേഷൻ രൂപീകരിച്ചതിൽ തെറ്റില്ലെന്നും അത് സമസ്തക്ക് എതിരല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സാദിഖലി തങ്ങൾ ഖാസിയായ മഹല്ലുകളുടെ ഏകീകരണമാണ് ഖാദി ഫൗണ്ടേഷൻ. തങ്ങൾ ഖാദിയായ സ്ഥലത്തെ കൂട്ടായ്മ ആവശ്യമാണ്. അതാണ് ഖാദി ഫൗണ്ടേഷന്റെ രൂപീകരണത്തിന് പിന്നിലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
അതേസമയം, മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്‌ത ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. സമസ്‌ത പ്രവർത്തകർ എന്ന പേരിൽ സ്ഥാപിച്ച ബോർഡ്, സമസ്‌ത മത വിദ്യാഭ്യാസ ബോർഡ് യോഗം നടക്കുന്നതിനിടെയാണ് പ്രത്യക്ഷപ്പെട്ടത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.