മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ വെച്ച് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് പോലീസ്. മുഹമ്മദ് ഷരീഫ് ഇസ്ലാം ഷെഹ്സാദ് എന്ന മുപ്പതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് ഇയാളെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ ദീക്ഷിത് ഗൈഡാം പത്രസമ്മേളനത്തിൽ പറഞ്ഞു. ബിജോയ് ദാസ് എന്ന പേരും ഇയാൾക്കുണ്ട്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി നടന്റെ വീട്ടിൽ കയറിയതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
പ്രതിയുടെ വിലാസം തെളിയിക്കുന്ന മുൻകാല രേഖകൾ കണ്ടെത്തിയിട്ടില്ലെന്നും പ്രതിയുടെ പക്കൽ സാധുവായ ഇന്ത്യൻ രേഖകളില്ലെന്നും പോലീസ് വ്യക്തമാക്കി. താനെയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 70 മണിക്കൂർ നീണ്ട തിരച്ചിലിനുശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ചു മാസം മുമ്പാണ് ഇയാൾ ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിൽ എത്തിയത് എന്നാണ് വിവരം. പ്രതിയുടെ വിലാസം പശ്ചിമ ബംഗാളിലാണെന്ന് മുംബൈ പോലീസ് പറഞ്ഞു. ആധാർ കാർഡ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് ബാന്ദ്ര ഹോളിഡേ കോടതിയിൽ ഹാജരാക്കും.
ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ് എന്നീ ഒന്നിലധികം പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. മുംബൈയിലെ ഒരു റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന പ്രതിയെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബർ ക്യാമ്പിൽ വെച്ചാണ് പിടികൂടിയത്. ഇവിടെയുള്ള ഇടതൂർന്ന കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
ജനുവരി 17 ന് പുലർച്ചെയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി ഇയാൾ കുത്തിയത്. ഡംപ് ഡാറ്റ പരിശോധനയും സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്തുമാണ് പ്രതിയെ പിടികൂടിയത്. ആക്രമണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പോലീസ് സംഘം രേഖപ്പെടുത്തി. ആക്രമണം നടന്നപ്പോൾ തന്നെയും കുട്ടികളെയും സെയ്ഫ് പന്ത്രണ്ടാം നിലയിലേക്ക് മാറ്റിയതായി കരീന പറഞ്ഞു. അക്രമി വീട്ടിൽ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും അയാൾ വളരെ ആക്രമണകാരിയാണെന്നും കരീന കൂട്ടിച്ചേർത്തു.