പാലക്കാട്: ആർഎസ്എസ് കാര്യാലയം നിർമിക്കാൻ സന്ദീപ് വാര്യർ നൽകാമെന്നേറ്റ സ്ഥലം വേണ്ടെന്ന് ആർ എസ് എസ്. ചെത്തല്ലൂരിൽ ആർ എസ് എസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആ സ്ഥലം വേണ്ടെന്ന വികാരമാണ് പ്രാദേശികമായി രൂപീകരിച്ച ട്രസ്റ്റ് ഭാരവാഹികളുടെയും ബി ജെ പി, ബി എം എസ് നേതാക്കളുടെയും സാന്നിധ്യത്തിലുള്ള യോഗത്തിൽ ഉണ്ടായതെന്ന് ആർ എസ് എസ് വ്യക്തമാക്കി.
ആർ.എസ്.എസ് കാര്യാലയത്തിന് സൗജന്യമായി ഭൂമി നൽകാമെന്ന വാഗ്ദാനം മരിക്കുന്നതിന് മുമ്പ് അമ്മ നൽകിയതാന്നെന്നും അതിനാൽ അത് പാലിക്കാൻ തയ്യാറാണെന്നും ഒരു കണ്ടിഷനുണ്ടെന്നും ഇന്നലെ സന്ദീപ് വാര്യർ വ്യക്തമാക്കിയിരുന്നു. അമ്മയുടെ വാക്കു പാലിക്കാൻ ഭൂമി ഒപ്പിട്ടു നൽകാമെന്നും ഒരു വർഷത്തിനകം ആർ എസ് എസ് നേതാക്കൾ തന്നെ സമീപിക്കണമെന്നും അല്ലാത്തപക്ഷം പൊതു നന്മ ലക്ഷ്യമിട്ട് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകുമെന്നുമായിരുന്നു സന്ദീപ് അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ആർ.എസ്.എസ് നേതൃത്വം സന്ദീപിന്റെ ഓഫർ നിരാകരിച്ച് രംഗത്തെത്തിയത്. ആർ എസ് എസ് തീരുമാനത്തോടെ ഭാവിയിലെ വലിയൊരു വിവാദത്തിൽനിന്ന് കൂടിയാണ് സന്ദീപും രക്ഷപ്പെട്ടിരിക്കുന്നത്. അമ്മയുടെ ഓഫറാണെങ്കിലും കോൺഗ്രസ് നേതാവ് ആർ എസ് എസിന് കാര്യാലയം പണിതുകൊടുത്തുവെന്ന് ഓരോ ഘട്ടത്തിലും ഉയരുമായിരുന്ന ആരോപണമാണ് ഇതോടെ ഇല്ലാതാകുന്നത്.
ആർ എസ് എസ് കാര്യാലയത്തിന് സൗജന്യമായി ഭൂമി നൽകാനുള്ള സന്ദീപിന്റെ മനസ്സ് ജനത്തിന് മനസ്സിലാവുമെന്നും ആർ എസ് എസ് പറഞ്ഞ ആർജവത്തിന്റെ നാലിലൊന്നു പോലും അഭിനവ കോൺഗ്രസുകാരനിൽനിന്ന് ഉണ്ടായില്ലെന്നുമുള്ള വിമർശങ്ങളും ഉയരുന്നുണ്ട്. എന്നാൽ, അമ്മയുടെ സ്വത്ത് കാര്യത്തിലെ വാഗ്ദാനത്തിൽ സന്ദീപിനെ കുറ്റപ്പെടുത്താനാകില്ലെന്നും സന്ദീപ് സ്വയം ഓഫർ ചെയ്തതല്ലെന്നും അന്ധമായ രാഷ്ട്രീയം ഇല്ലാത്തവരും പ്രതികരിക്കുന്നു.