റിയാദ്: തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനത്തിൽ വെച്ച് മറ്റുള്ളവരെ ആക്രമിച്ച മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ എതിരാളികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ വീഡിയോ ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ആരും തന്നെ പോലീസിൽ പരാതി നൽകിയിരുന്നില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയാണ് ചിത്രീകരിച്ചത്. സി.സി.ടി.വി ഉപയോഗവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ച് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയാളെയും അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
അതേസമയം, റിയാദിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധ പ്രവർത്തനം നടത്തിയ മൂന്നു വിദേശികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നഗരസഭാ നിയമം അനുസരിച്ച ശിക്ഷാ നടപടികൾ മസാജ് സെന്ററിനെതിരെ റിയാദ് നഗരസഭ സ്വീകരിച്ചുവരികയാണ്.