കല്‍പ്പറ്റ: ഉരുള്‍ ദുരന്തം വിതച്ച പ്രദേശങ്ങളില്‍ തളരാതെ പൊരുതി മണ്ണുമാന്തി യന്ത്രം തൊഴിലാളികള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നും എത്തിച്ച നൂറോളം മണ്ണുമാന്തി യന്ത്രങ്ങളാണ് ഉരുള്‍പൊട്ടി മണ്ണും മരങ്ങളും കൂറ്റന്‍ പാറകളും അടിഞ്ഞ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും 10 ദിവസമായി രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനും പ്രയോജനപ്പെടുത്തുന്നത്. ഓരോ യന്ത്രത്തിനും ഓപ്പറേറ്ററും ഹെല്‍പ്പറും ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് മണ്ണുമാന്തി യന്ത്രം കൈകാര്യം ചെയ്യുന്നതില്‍ പലരും. ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പാറകളും മരങ്ങളും നീക്കുന്നതിനും മണ്ണ് കുഴിച്ചുള്ള പരിശോധനയ്ക്കും യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
ചൂരല്‍മലയില്‍ താത്കാലിക നടപ്പാലം, ബെയ്‌ലി പാലം നിര്‍മാണത്തിനു യന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. ദുരന്തനിവാരണത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലാണ് ഓരോ ദിവസവും മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റര്‍മാരും ഹെല്‍പ്പര്‍മാരും കര്‍മനിരതരാകുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് മണ്ണുമാന്ത്രി യന്ത്രം ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം കൗണ്‍സലിംഗ് നല്‍കിയിരുന്നു. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ദുരന്തം ഞെട്ടിക്കുന്നതാണെന്നും ഉടമ കൂലി തരുമോ ഇല്ലയോ എന്നു ചിന്തിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പത്തുവര്‍ഷമായി മലപ്പുറത്ത് ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ ഓപ്പറേറ്റര്‍ മുസ്തഫ പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍നിന്നു ലോറിയില്‍ കയറ്റി മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചതോടെയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം ഉര്‍ജിതമായത്. മലപ്പുറം ജില്ലാ ക്വാറി-ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ 35 മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തബാധിത മേഖലയില്‍ ഉപയോഗത്തിനു ലഭ്യമാക്കിയത്.
രണ്ട് ടണ്‍ മുതല്‍ 20 ടണ്‍ വരെ ഭാരമുള്ളതാണ് യന്ത്രങ്ങള്‍. രണ്ട് ലോംഗ് ബൂം യന്ത്രങ്ങളും ദുരന്തമുഖത്തുണ്ട്. ഇതിലൊന്ന് ഭൂജല വകുപ്പിന്റേതും മറ്റൊന്ന് പെരുമ്പാവൂര്‍ സ്വദേശിയുടേതുമാണ്.
വാടക ഈടാക്കാതെയും തൊഴിലാളികളുടെ വേതനം സ്വയം വഹിച്ചുമാണ് ഉടമകള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് മലപ്പുറം ജില്ലാ ക്വാറി-ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗഫൂര്‍ പറഞ്ഞു. ക്വാറികളിലും ക്രഷറുകളിലും ഉണ്ടായിരുന്ന യന്ത്രങ്ങള്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചാണ് ചൂരല്‍മലയില്‍ എത്തിച്ചത്. ഇത് തീര്‍ന്ന മുറയ്ക്ക് ജില്ലാ ഭരണകൂടം ഡീസല്‍ ലഭ്യമാക്കുന്നുണ്ട്. 20 ടണ്‍ ഭാരമുള്ള യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഏകദേശം 15 ലിറ്റര്‍ ഡീസലാണ് ആവശ്യം. 14 ടണ്‍ ഇനത്തിന് മണിക്കൂറില്‍ 10 ലിറ്റര്‍ ഡീസല്‍ മതിയാകും. യന്ത്രത്തിന്റെ ഭാരം കുറയുന്ന മുറയ്ക്ക് ഡീസല്‍ ചെലവ് കുറയും. കാനുകളില്‍ നിറച്ച ഡീസല്‍ സപ്ലൈ ചെയ്യുന്നതിന് പിക്കപ്പ് ജീപ്പും മലപ്പുറം ക്വാറി-ക്രഷര്‍ അസോസിയേഷന്‍ വിട്ടുകൊടുത്തിട്ടുണ്ട്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദുരന്തപ്രദേശത്തെ 12 മേഖലകളായി തിരച്ചാണ് നടത്തുന്നത്. ഇന്നലെ ചൂരല്‍മലയ്ക്കു സമീപം സോണില്‍ 13 യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തെരച്ചില്‍ നടത്തിയത്.