ആലപ്പുഴ- കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേ പൊഴി മുഖത്തിന് സമീപം കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ട് 6 ന് ശേഷമാണ് കടൽ ഉൾവലിയുന്ന പ്രതിഭാസം ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ കടൽ ഉണ്ടായിരുന്ന ഭാഗം ചെളിയായി മാറി. കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. എന്താണ് പ്രതിഭാസത്തിന് കാരണമെന്ന് വ്യക്തമല്ല. തോട്ടപ്പള്ളിയിൽ നിന്ന് 500 മീറ്റർ തെക്ക് മാറി പല്ലന തീരത്ത് കടൽക്ഷോഭം ഉണ്ടായി.
തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
തിരുവനന്തപുരം:കാപ്പിൽ മുതൽ പൂവാർ വരെ.
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ.
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ.
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ.
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ.
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ…