കോഴിക്കോട്– കാലിക്കറ്റ് സർവകലാശാലയിലെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വേടൻ്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനവും ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന ഗാനവും സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്തു. സർവകലാശാല വൈസ് ചാൻസലറിന്റെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയാണ് പഠനവും ശുപാർശയും നടത്തിയത്.
മുൻ മലയാളം വിഭാഗം മേധാവി ഡോ. എം.എം. ബഷീർ അധ്യക്ഷനായ സമിതി വൈസ് ചാൻസലർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പ് ഗാനം മലയാളം പാഠ്യപദ്ധതിയിലേക്ക് ഉൾപ്പെടുത്തുന്നത് യുക്തിയില്ലെന്നും, അതിന് സാഹിത്യപരമായ മൂല്യങ്ങളില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
വേടൻ്റെ ഗാനവും മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനവുമായുള്ള താരതമ്യ പഠനത്തിനായി പുതിയ സിലബസ്സിൽ ഉൾപ്പെടുത്താൻ ഒരുങ്ങിയിരുന്നതെങ്കിലും ഇതിനെതിരെ സിൻഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ. അനുരാജ് ചാൻസലർ കൂടിയായ ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു.തുടർന്ന് റാപ്പ് സംഗീതം പഠന വിഷയമായി പരിഗണിക്കാൻ അനുകൂലതയില്ലെന്ന് സമിതി വിലയിരുത്തി.
ഇതിന് പുറമെ, ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ടും കഥകളി സംഗീതവുമായി താരതമ്യം ചെയ്യുന്നതിന് ഉൾപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതുപോലുള്ള പാഠങ്ങൾ വിദ്യാർത്ഥികൾക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാൽ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്നും ശുപാർശ പറയുന്നു.
സിനിമയോ റാപ്പ് സംഗീതമോ പോലുള്ള ജനപ്രിയ കലാരൂപങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് പാഠ്യപദ്ധതിയുടെ ഗൗരവത്തെയും സാഹിത്യ മൂല്യത്തെയും ബാധിക്കുമെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്.