മാട്ടൂൽ(കണ്ണൂർ): പ്രമുഖ പ്രവാസി വ്യവസായിയും ആർ പി ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. ബി രവി പിള്ളയുടെ കാരുണ്യ കൈനീട്ടം അനുഭവിച്ച് മാട്ടൂൽ നിവാസികളും. വിശുദ്ധ റമളാനിന്റെ പുണ്യ ദിനങ്ങളിൽ മാട്ടൂലിലെ നൂറോളം കുടുംബങ്ങൾക്ക് അദ്ദേഹം ഭക്ഷ്യ കിറ്റ് നൽകി. എസ് വൈ എസ് സാന്ത്വനം മാട്ടൂൽ സർക്കിളിന്റെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് നൽകിയത്.
മാട്ടൂലിലെ സാമൂഹ്യ പ്രവർത്തകൻ ജലീൽ മാട്ടൂലിന്റെ ഇടപെടലിലൂടെയാണ് അദ്ദേഹം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ നാടിനെ തെരെഞ്ഞെടുത്തത്.നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി രവി പിള്ള കഴിഞ്ഞ ദിവസം പഴയങ്ങാടി നെരുവമ്പ്രം പൊടിത്തടത്ത് സ്ഥിതി ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽസ് ചാരിറ്റബിൾ ഹോമിൽ ഇഫ്താർ ഒരുക്കിയിരുന്നു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി അദ്ദേഹം അഭേദ്യമായ ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യവസായിയാണ് രവി പിള്ള. ഭക്ഷ്യ കിറ്റ് വിതരണത്തിൽ മൻശഅ് മാട്ടൂൽ ജനറൽ മാനേജർ കെ മൊയ്തീൻ സഖാഫി, ഹാരിസ് ബാഖവി, ബി ടി അബ്ദുൽ ജലീൽ, എസ് എം ബി മാട്ടൂൽ, സലാഹുദ്ധീൻ മാട്ടൂൽ, മുനീർ എം പി, എ വി അബ്ദുൽ റഹ്മാൻ ഹാജി, റാസിഖ് എം കെ, സഈദ് ഫാളിലി, നവാസ് പി തുടങ്ങിയവർ സംബന്ധിച്ചു.