തൃശൂർ- കുടുംബത്തിനകത്തെ പ്രശ്നങ്ങൾ അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒറ്റപ്പാലം സ്വദേശി പിടിയിൽ. യൂസഫലി എന്നയാളാണ് പിടിയിലായത്. വീട്ടിലേക്ക് യുവതികളെ വിളിച്ച് വരുത്തി ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കിയാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും ഒടുവിൽ കേസിനാസ്പദമായ സംഭവം നടന്നത്. പ്രശ്നങ്ങളെല്ലാം തീർക്കാമെന്ന് പറഞ്ഞ്, യുവതിയെ കാറളം കിഴ്ത്താണിയിലുള്ള പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കാട്ടൂർ പോലീസിൽ യുവതി കൊടുത്ത പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2024ൽ നെഗറ്റീവ് എനർജി ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് സ്ത്രീയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യക്ഷി ബാധയും, കൈവിഷവും ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ കേസിലും ഇയാൾ പ്രതിയാണ്.