പാലക്കാട്: റാപ്പര്‍ വേടനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. വേടന്റെ അശ്ലീല പ്രകടനങ്ങള്‍ സമൂഹത്തെ അപമാനിക്കുന്നുവെന്നും, കഞ്ചാവിന്റെ ലഹരിയില്‍ മുഴുകിയവരുടെ വാക്കുകള്‍ മാത്രം കേള്‍ക്കുന്ന ഭരണകൂടത്തിന്റെ സമീപനം മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വേടന്റെ തുണിയില്ലാത്ത ചാട്ടങ്ങള്‍ സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നു. അതിനാല്‍, സാധാരണക്കാരുടെ വാക്കുകള്‍ ഭരണകൂടം ശ്രദ്ധയോടെ കേള്‍ക്കണം. കഞ്ചാവിന്റെ ലഹരിയില്‍ സംസാരിക്കുന്നവരുടെ വാക്കുകള്‍ മാത്രം സ്വീകരിക്കുന്ന ഈ രീതി അവസാനിപ്പിക്കണം. ‘ആടിക്കളിക്കടാ കുഞ്ഞിരാമാ, ചാടിക്കളിക്കടാ കുഞ്ഞിരാമാ’ എന്ന് പാടി, ആ കുഞ്ഞിരാമന്മാരെ ചാടിക്കളിപ്പിക്കുകയും അവര്‍ക്ക് ചൂടുചോറ് നല്‍കുകയും ചെയ്യുന്ന ഇത്തരം ക്രമീകരണങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ ആവശ്യം ഭരണകൂടത്തോട് കെഞ്ചാനല്ല, ഉത്തരവിടാനാണ് ഹിന്ദു ഐക്യവേദി മുന്നോട്ടുവന്നിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചവരെ ആലിംഗനം ചെയ്ത് ഒരു ഭരണാധികാരി നില്‍ക്കുമ്പോള്‍, അത് ഒരു സൂചനയാണ്‌നിന്റെ കൂടെ ഞങ്ങളുണ്ട് എന്ന സന്ദേശമാണെന്നും ശശികല വിമര്‍ശിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എത്രമാത്രം സവിശേഷമായ കലാരൂപങ്ങളുണ്ട്! റാപ്പ് സംഗീതം ഇവിടുത്തെ പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങളുടെ പരമ്പരാഗത കലാരൂപമാണോ? സര്‍ക്കാര്‍ പട്ടികജാതി, വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പാലക്കാട് ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍, പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത റാപ്പ് സംഗീതമാണോ അവിടെ അവതരിപ്പിക്കേണ്ടത്? അതിന്റെ പേര് പറഞ്ഞ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകണോ? ഒരു സമുദായത്തെ വിഘടനവാദത്തിലേക്ക് തള്ളിവിടണമെങ്കില്‍, അവരില്‍ അവശത സൃഷ്ടിക്കണം, അവരുടെ അവസരങ്ങള്‍ ഇല്ലാതാക്കണം -ശശികല വ്യക്തമാക്കി.